കോട്ടയം: ആരോഗ്യപൂര്‍ണ്ണമായ ജീവിതത്തിന് പരിസര മലിനീകരണം തടയേണ്ടത് അത്യന്താപേക്ഷിതമാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. ലോക ആരോഗ്യ ദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ല ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച ജില്ലാതല ആരോഗ്യ ദിനാചരണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോവിഡിനെ തുടര്‍ന്നുണ്ടായ സങ്കീര്‍ണ്ണമായ സാഹചര്യത്തിലൂടെ കടന്ന് പോകുമ്പോള്‍ ആരോഗ്യ അവബോധത്തോടൊപ്പം പരിസ്ഥിതി സൗഹാര്‍ദ്ദ ജീവിത ശൈലിയും പിന്തുടരേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. സമ്മേളനത്തോടനുബന്ധിച്ച് കാലാവസ്ഥ വ്യതിയാനവും ആരോഗ്യ പ്രശ്‌നങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ആരോഗ്യവകുപ്പ് തയ്യാറാക്കിയ കൈപ്പുസ്തകത്തിന്റെ പ്രകാശകര്‍മ്മം അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. കോട്ടയം ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ മുഖ്യപ്രഭാഷണം നടത്തി. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍, കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, ആരോഗ്യ കേരളം കോട്ടയം ജില്ലാ പ്രോഗ്രാം മാനേജര്‍ അജയ് മോഹന്‍, കോട്ടയം ജില്ല മാസ് മീഡിയ ഓഫീസര്‍ ഡോമി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. ആരോഗ്യദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതിയും വായുജന്യ രോഗങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ആരോഗ്യകേരളം കോട്ടയം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അജയ് മോഹനും ഏക ലോകം ഏക ആരോഗ്യം എന്ന വിഷയത്തെ ആസ്പദമാക്കി നവകേരളം പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. എ.ആര്‍ ഭാഗ്യശ്രീ എന്നിവര്‍ സെമിനാര്‍ നയിച്ചു. കൂടാതെ ദിനാചരണത്തിന്റെ ഭാഗമായി കോട്ടയം ജില്ലാ പഞ്ചായത്ത് ഹാളില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അസിസ്റ്റന്റ് എഞ്ചിനിയര്‍മാര്‍ക്കായി പരിസ്ഥിതി സൗഹാര്‍ദ്ദ നിര്‍മ്മാണ സാങ്കേതിക വിദ്യകള്‍ എന്ന വിഷയത്തെ ആസ്പദമാക്കി പാമ്പാടി രാജിവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ടെക്‌നോളജി സിവില്‍ എഞ്ചിനിയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രൊഫ. വിനീഷ് വി. നായര്‍ സെമിനാര്‍ നയിച്ചു. നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം ശുദ്ധമാക്കാം നമ്മുടെ വായുവും ജലവും ഭക്ഷണവും എന്ന ആപ്ദവാക്യവുമായി സംഘടിപ്പിച്ച ദിനാചരണത്തില്‍ ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകരും കെ.എസ്.എസ്.എസ് സന്നദ്ധ പ്രവര്‍ത്തകരും പങ്കെടുത്തു.