വയോജനങ്ങളുടെ കൂട്ടായ്മയ്ക്ക് അവസരം ഒരുക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സ്വാശ്രയ വയോജന സംഗമവും ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്ഘാടനം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വ്വഹിച്ചു. വയോജനങ്ങളുടെ അനുഭവ സമ്പത്ത് ഭാവി തലമുറയ്ക്ക് മുതല്‍ക്കൂട്ടാണെന്നും വയോജന കൂട്ടായ്മകളിലൂടെ പരസ്പരം സംവദിക്കുവാനും അനുഭവങ്ങള്‍ പങ്കുവയ്ക്കുവാനും വഴിയൊരുങ്ങുമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, കെ.എസ്.എസ്.എസ് കോര്‍ഡിനേറ്റര്‍ മേഴ്‌സി സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.എസ്.എസ്.എസ് ഇടയ്ക്കാട്ട് മേഖലയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സംഗമത്തോടനുബന്ധിച്ച് നടത്തപ്പെട്ട ബോധവല്‍ക്കരണ സെമിനാറിന് ഡോ. റോസമ്മ സോണി നേതൃത്വം നല്‍കി. വയോജനങ്ങളുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന സീനിയര്‍ സിറ്റിസണ്‍ ഗ്രൂപ്പിലെ പ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുത്തു.