അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വയോജനങ്ങള്‍ക്കായി ഭക്ഷ്യവസ്തുക്കളും വീട്ടുപകരണങ്ങളും ക്ലീനിംഗ് മെറ്റീരിയല്‍സും ഉള്‍പ്പെയുള്ള കിറ്റുകള്‍ വിതരണം ചെയ്തു. ഹെല്‍പ്പേജ് ഇന്‍ഡ്യയുടെയും സിപ്ലാ ഫൗണ്ടേഷന്റെയും സഹകരണത്തോടെ ആലപ്പുഴ ജില്ലയിലെ വെളിയനാട് ഗ്രാമപഞ്ചായത്തിലെ വയോജനങ്ങളുള്ള കുടുംബങ്ങള്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്തത്. കിറ്റുകളുടെ വിതരണോദ്ഘാടനം ഹെല്‍പ്പേജ് ഇന്‍ഡ്യ സീനിയര്‍ എക്‌സിക്യൂട്ടീവ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സൈജു സേവ്യയര്‍ നിര്‍വ്വഹിച്ചു. ഹെല്‍പ്പേജ് ഇന്‍ഡ്യ ഹെല്‍പ്പ് ലൈന്‍ കൗണ്‍സിലര്‍ ആതിര പി. മണി, കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ബബിത ടി. ജെസ്സില്‍, ഗ്രാമതല സന്നദ്ധ പ്രവര്‍ത്തകരായ ആനി തോമസ്, ഷീബ ജോസഫ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. രണ്ടായിരത്തിയഞ്ഞൂറു രൂപാ വീതം വിലയുള്ള കിറ്റുകളാണ് തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്ക് ലഭ്യമാക്കിയത്.