വയോജനങ്ങള്‍ പുതുതലമുറയുടെ മാര്‍ഗ്ഗദര്‍ശ്ശികളും സാമൂഹ്യ ബന്ധങ്ങളുടെ ചാലക ശക്തികളുമായി മാറണമെന്ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം. വയോജന ദിനാചരണത്തിന്റെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച വയോജന ദിനാചരണത്തിന്റെയും പ്രതിനിധി സംഗമത്തിന്റെയും ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലഘട്ടത്തിന് അനുസരിച്ച് സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ആയിരിക്കുന്ന കര്‍മ്മ മണ്ഡലങ്ങളില്‍ പ്രശോഭിക്കുവാനും പുതുതലമുറയ്ക്ക് അറിവുകളും കാഴ്ച്ചപ്പാടുകളും പ്രദാനം ചെയ്യുവാനും വയോജനങ്ങള്‍ക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ റ്റി.സി റോയി, കെ.എസ്.എസ്.എസ് കോര്‍ഡിനേറ്റര്‍ ബെസ്സി ജോസ് എന്നിവര്‍ പ്രസംഗിച്ചു. പ്രതിനിധി സംഗമത്തോടനുബന്ധിച്ച് നടത്തപ്പെട്ട ബോധവല്‍ക്കരണ സെമിനാറിന് ഡോ. റോസമ്മ സോണി നേതൃത്വം നല്‍കി. കെ.എസ്.എസ്.എസ് കിടങ്ങൂര്‍, കടുത്തുരുത്തി മേഖലകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സംഗമത്തില്‍ നൂറ്റമ്പതോളം വയോജന പ്രതിനിധികള്‍ പങ്കെടുത്തു.