ജീവിത പ്രതിസന്ധികളെ അതിജീവിച്ച് ധീരതയോടെ മുന്‍പോട്ട് പോകുവാന്‍ നവോമികള്‍ക്ക് സാധിക്കണമെന്ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം. ജൂണ്‍ 23 ലോക വിധവ ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച വിധവാ ദിനാചരണത്തിന്റെയും വിധവകളും കുടുംബഭാരം പേറുന്ന സ്ത്രീകളുടെ സ്വാശ്രയസംഘ കൂട്ടായ്മയായ നവോമി ഗ്രൂപ്പ് പ്രതിനിധികളുടെ സംഗമത്തിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വയം തങ്ങളിലേയ്ക്ക് ഒതുങ്ങിക്കൂടാതെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കടന്നുവരുവാന്‍ വിധവകള്‍ക്ക് അവസരം ഒരുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍, ഉഴവൂര്‍ മേഖല കോര്‍ഡിനേറ്റര്‍ മേരി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിന് ഡോ. റോസമ്മ സോണി നേതൃത്വം നല്‍കി. കൂടാതെ നവോമി ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം സംബന്ധിച്ചുള്ള കര്‍മ്മരേഖാ രൂപീകരണവും നടത്തപ്പെട്ടു. കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ നിന്നായുള്ള നവോമി ഗ്രൂപ്പ് പ്രതിനിധികള്‍ ദിനാചരണത്തില്‍ പങ്കെടുത്തു.