സ്വയം തിരിച്ചറിവിനോടൊപ്പം അവകാശങ്ങളും കടമകളും മനസിലാക്കി മുന്നേറുവാനും സ്ത്രീ സമൂഹത്തിന് കഴിയണമെന്ന് കോട്ടയം ജില്ലാ കളക്ടര്‍ വി. വിഘ്‌നേശ്വരി ഐ.എ.എസ്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച വനിതാദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സ്വന്തം കര്‍മ്മപഥം തിരിച്ചറിയുന്നതൊടൊപ്പം മറ്റുള്ളവരുടെ നന്മയും കാംക്ഷിക്കുവാന്‍ സ്ത്രീ സമൂഹത്തിന് കഴിയുമ്പോഴാണ് വനിതാദിനാചരണം അര്‍ത്ഥ പൂര്‍ണ്ണമാകുന്നതെന്ന് അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. അവകാശങ്ങളും കര്‍ത്തവ്യങ്ങളും തിരിച്ചറിഞ്ഞ് പരസ്പര പൂരകങ്ങളായി സ്ത്രീയും പുരുഷനും വര്‍ദ്ധിക്കുമ്പോള്‍ മാത്രമേയുള്ള സാമൂഹ്യ സുസ്ഥിതി സംജാതമാവുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി,വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍ അസി. സുപ്പിരിയര്‍ ജനറല്‍ റവ. സിസ്റ്റര്‍ മേഴ്‌സിലറ്റ് എസ്.വി.എം, സെന്റ് ജോസഫ് കോണ്‍ഗ്രിഗേഷന്‍ അസി. സുപ്പീരിയര്‍ ജനറല്‍ റവ. സിസ്റ്റര്‍ സൗമി എസ്.ജെ.സി, കാരിത്താസ് സെക്യുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതിനിധി റവ. സിസ്റ്റര്‍ സോളി, ഡിസിപിബി കോണ്‍ഗ്രിഗേഷന്‍ റീജിയണല്‍ സുപ്പീരിയര്‍ റവ. സിസ്റ്റര്‍ റിന്‍സി, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആലീസ് ജോസഫ്, ക്‌നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ സെക്രട്ടറി സില്‍ജി സജി, കെ.എസ്.എസ്.എസ് വനിതാ സ്വാശ്രയസംഘ കേന്ദ്രതല ഫെഡറേഷന്‍ പ്രസിഡന്റ് ലിസി ലൂക്കോസ്, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. ഷെറിന്‍ കുരിക്കിലേട്ട് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. സമ്മേളനത്തോടനുബന്ധിച്ച് അന്ധബധിര പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ ദേശീയ പുരസ്‌ക്കാരം കരസ്ഥമാക്കിയ സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍ സിസ്റ്റര്‍ സിമി ഡിസിപിബിയെയും മാതൃകാ മാതാവിനുള്ള പുരസ്‌ക്കാരം കരസ്ഥമാക്കിയ ലത ഫിലിപ്പ് ചാക്കോയെയും ആദരിച്ചു. കൂടാതെ സന്നദ്ധ പ്രവര്‍ത്തകരായ സിസ്റ്റര്‍ ഷീബാ എസ്.വി.എം, സിസ്റ്റര്‍ ആന്‍സിലിന്‍ എസ്.വി.എം, ബബിത റ്റി. ജെസ്സില്‍, ഷൈല തോമസ്, സിസ്റ്റര്‍ ജോയിസി എസ്.വി.എം, ബെസ്സി ജോസ്, മേഴ്‌സി സ്റ്റീഫന്‍, മേരി ഫിലിപ്പ്, ലീനാ ബിനു, അഞ്ചു ഷിബു, നിത്യമോള്‍ ബാബു, അശ്വതി കെ.എസ് എന്നിവരെയും ആദരിച്ചു. വനിതകള്‍ക്കായി സംഘടിപ്പിച്ച സ്‌കൂട്ടര്‍ സ്ലോ റേസ്, മണ്‍കുടം വെള്ളം ബാലന്‍സിംഗ് എന്നീ മത്സരങ്ങളോടെയാണ് ദിനാചരണത്തിന് തുടക്കമായത്. തുടര്‍ന്ന് നടത്തപ്പെട്ട സ്ത്രീ ശാക്തീകരണ സെമിനാറിന് സൈക്കോളജിസ്റ്റ് ഫാമിലി കൗണ്‍സിലര്‍ ഡോ. ഗ്രേസ് ലാല്‍ നേതൃത്വം നല്‍കി. കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളില്‍ നിന്നായുള്ള ആയിരത്തോളം വനിതാ സ്വാശ്രയസംഘ പ്രതിനിധികള്‍ ദിനാരണത്തില്‍ പങ്കെടുത്തു.