കോട്ടയം: സ്വയം തൊഴില്‍ സംരംഭകത്വ പ്രവര്‍ത്തനങ്ങളിലൂടെ സ്വയംപര്യാപ്തതയ്ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംരംഭകത്വ വികസന പരിശീലന പരിപാടിയും ചൈതന്യ സംരംഭകത്വനിധി വിതരണോദ്ഘാടനവും നടത്തപ്പെട്ടു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പരിശീലന പരിപാടിയുടെയും ചൈതന്യ സംരംഭകനിധി വിതരണത്തിന്റെയും ഉദ്ഘാടനം സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വ്വഹിച്ചു. സ്വയംതൊഴില്‍ സരംഭകത്വ പദ്ധതികളിലൂടെ അഭിരുചിക്കനുസരിച്ചുള്ള തൊഴില്‍ മേഖലകളില്‍ മികവ് തെളിയിക്കുവാന്‍ കഴിയുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സാധാരണക്കാരായ ആളുകളെ സ്വയം പര്യാപ്തയില്‍ എത്തിക്കുന്ന പ്രക്രീയയാണ് ചൈതന്യ സംരംഭക നിധി പോലെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ കെ.എസ്.എസ്.എസ് നടപ്പിലാക്കി വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, ഗവണ്‍മെന്റ് പ്ലീഡര്‍ അഡ്വ. നിധിന്‍ പുല്ലുകാടന്‍ എന്നിവര്‍ പ്രസംഗിച്ചു. അഭിരുചിയ്ക്കനുസരിച്ചുള്ള തൊഴില്‍ സരംഭങ്ങള്‍ ചെയ്യുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട ആളുകള്‍ക്ക് പരിശീലനത്തോടൊപ്പം സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള ധനസഹായവും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചൈതന്യ സംരംഭകനിധി പദ്ധതി കെ.എസ്.എസ്.എസ് നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി 25 ലക്ഷം രൂപയാണ് വിവിധ സംരംഭങ്ങള്‍ ചെയ്യുന്നതിനായി ലഭ്യമാക്കുന്നത്.