കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 24-ാമത് ചൈതന്യ കാര്‍ഷിക മേളയോടനുബന്ധിച്ച് വിഭാവനം ചെയ്ത് നടപ്പിലാക്കിയ നിര്‍ദ്ധന രോഗി ചികിത്സാ സഹായ പദ്ധതിയുടെ ഭാഗമായി മികച്ച വിഭവ സമാഹരണം നടത്തിയ ഗ്രാമതല സന്നദ്ധ പ്രവര്‍ത്തകരെ ആദരിച്ചു. കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം ആണ് തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മാതൃകാ സന്നദ്ധ പ്രവര്‍ത്തകരെ ആദരിച്ചത്. കെ.എസ്.എസ്.എസ് ഇടയ്ക്കാട്ട് മേഖല കോര്‍ഡിനേറ്റര്‍ മേഴ്‌സി സ്റ്റീഫന്‍, കുമരകം അനിമേറ്റര്‍ മേഴ്‌സി ജെയിംസ്, സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതി സന്നദ്ധ പ്രവര്‍ത്തക ഷേര്‍ളി ജോസ്, കൈപ്പുഴ മേഖല കോര്‍ഡിനേറ്റര്‍ ബെസ്സി ജോസ്, കിടങ്ങൂര്‍ മേഖല കോര്‍ഡിനേറ്റര്‍ ബിജി ജോസ്, ചേര്‍പ്പുങ്കല്‍ അനിമേറ്റര്‍ റെജി ബാറ്റണ്‍, സിബിആര്‍ അനിമേറ്റര്‍ സജി ജേക്കബ്, ഗ്രാമതല സന്നദ്ധ പ്രവര്‍ത്തകരായ ചിന്നമ്മ രാജന്‍, ഷൈബി തോമസ്, ആന്‍സമ്മ ബിജു എന്നിവരെയാണ് ആദരിച്ചത്. കൂടാതെ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ അസി. ഡയറക്ടറായി സേവനം അനുഷ്ഠിച്ച് പുതിയ കര്‍മ്മ മേഖലയിലേയ്ക്ക് സ്ഥലം മാറിപ്പോകുന്ന ഫാ. ജെഫിന്‍ ഒഴുങ്ങാലിനെയും ചടങ്ങിനോടനുബന്ധിച്ച് ആദരിച്ചു. ആദരിക്കല്‍ ചടങ്ങിനോടനുബന്ധിച്ച് കാര്‍ഷിക മേള പൊതുസമ്മേളന പങ്കാളിത്വത്തിന് ഏര്‍പ്പെടുത്തിയിരുന്ന സമ്മാനങ്ങള്‍ കൈപ്പുഴ, കിടങ്ങൂര്‍, കടുത്തുരുത്തി, സിബിആര്‍ മേഖലകള്‍ക്ക് സമ്മാനിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.