കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഗിവ് ടു ഏഷ്യ എന്ന സംഘടനയുടെ സഹകരണത്തോടെ നടപ്പിലാക്കി വരുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു.
തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഭക്ഷ്യകിറ്റുകളുടെ വിതരണോദ്ഘാടനം കോട്ടയം റീജിയണല്‍ ട്രന്‍സ്‌പോര്‍ട്ട് ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) ടോജോ എം. തോമസ് നിര്‍വ്വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.
കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍ കോര്‍ഡിനേറ്റര്‍മാരായ ബെസ്സി ജോസ്, മേഴ്‌സി സ്റ്റീഫന്‍, ജിജി ജോയി എന്നിവര്‍ പ്രസംഗിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിസ്വാര്‍ത്ഥ സേവനം നടത്തിവരുന്ന നൂറ്റമ്പതോളം ഗ്രാമതല സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി അരി, പഞ്ചസാര, കുക്കിംഗ് ഓയില്‍, കടല, ചെറുപയര്‍, മുളക് പൊടി, മല്ലിപ്പൊടി, കടുക്, മഞ്ഞള്‍ പൊടി, തേയില പൊടി എന്നിവ അടങ്ങുന്ന കിറ്റുകളാണ് വിതരണം ചെയ്തത്.