അന്ധബധിര വൈകല്യമുള്ളവരുടെ സമഗ്ര ഉന്നമനവും മുഖ്യധാരാവത്ക്കരണവും ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്ത്യയുടെയും അസിം പ്രേംജി ഫൗണ്ടേഷന്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സമഗ്ര ശിക്ഷ കേരള സ്‌പെഷ്യല്‍ എജ്യുക്കേറ്റേഴ്‌സിനായുള്ള ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജെയിംസ് കുര്യന്‍, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി അസി. ഡയറക്ടര്‍ ഫാ. ഷെറിന്‍ കുരിക്കിലേട്ട്, പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ് എന്നിവര്‍ പ്രസംഗിച്ചു. അന്ധബധിര വ്യക്തികള്‍ നേരിടുന്ന പ്രയാസങ്ങള്‍, അവകാശ സംരക്ഷണം, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംഘടിപ്പിച്ച പഠന ശിബിരത്തിന് സ്‌പെഷ്യല്‍ എജ്യുക്കേറ്റേഴ്‌സായ സിസ്റ്റര്‍ സിമി ഡി.സി.പി.ബി, സിസ്റ്റര്‍ ജോയ്‌സി എസ്.വി.എം, പ്രിതി പ്രതാപന്‍, സമഗ്ര ശിക്ഷ കോട്ടയം ജില്ലാ പ്രോഗ്രാം ഓഫീസര്‍ ബിനു അബ്രാഹം എന്നിവര്‍ നേതൃത്വം നല്‍കി. കോട്ടയം ജില്ലയില്‍ നിന്നുള്ള സ്‌പെഷ്യല്‍ എജ്യുക്കേറ്റേഴ്‌സ് ബോധവല്‍ക്കരണ പരിപാടിയില്‍ പങ്കെടുത്തു.