കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി പഠന ശിബിരം സംഘടിപ്പിച്ചു. കോട്ടയം എസ്.എച്ച് കോളേജ് ഓഫ് നഴ്‌സിംഗിലെ ബി.എസ്.സി നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച പഠന ശിബിരത്തിന്റെ ഉദ്ഘാടനം തെള്ളകം ചൈതന്യയില്‍ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വ്വഹിച്ചു. മനുഷ്യത്വത്തിന്റെയും സ്‌നേഹത്തിന്റെയും വക്താക്കളായി നിലനിന്നുകൊണ്ട് കാരുണ്യത്തിന്റെ കരുതല്‍ സമൂഹത്തിന് പകര്‍ന്ന് നല്‍കുവാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കഴിയണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കോട്ടയം അതിരൂപത മലങ്കര സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കര്‍മ്മ രംഗങ്ങളില്‍ സേവനത്തിന്റെയും കാരുണ്യത്തിന്റെയും മുഖമായി പ്രശോഭിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ സേവനങ്ങള്‍ വിലമതിയ്ക്കാനാകത്തതാണെന്നും അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, കോട്ടയം എസ്.എച്ച് കോളേജ് ഓഫ് നഴ്‌സിംഗ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സബീന തോമസ് എന്നിവര്‍ പ്രസംഗിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന വിവിധങ്ങളായ സാമൂഹ്യ ക്ഷേമ കര്‍മ്മ പദ്ധതികളെക്കുറിച്ചും ഭിന്നശേഷിയുള്ളവര്‍ക്കായുള്ള ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശിഷ്യ അന്ധബധിര പുനരധിവാസ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പഠന ശിബിരം സംഘടിപ്പിച്ചത്. കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ്, സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍ സിസ്റ്റര്‍ സിമി ഡി.സി.പി.ബി എന്നിവര്‍ പഠന ശിബിരത്തിന് നേതൃത്വം നല്‍കി.