ഫെബ്രുവരി 20 ലോക സാമൂഹ്യനീതി ദിനാചരണത്തിന്റെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സാമൂഹ്യ നീതി ദിനാചരണം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഫാ. ജേക്കബ് മാവുങ്കല്‍ നിര്‍വ്വഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് കുര്യന്‍, കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ് എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണത്തിന്റെ ഭാഗമായി സാമൂഹ്യ നീതി ഇന്നിന്റെ സാഹചര്യത്തില്‍ എന്ന വിഷയത്തില്‍ നടത്തപ്പെട്ട സെമിനാറിന് കോട്ടയം ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി മുന്‍ ചെയര്‍പേഴ്‌സണ്‍ കെ.യു മേരിക്കുട്ടി നേതൃത്വം നല്‍കി. കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ കെ.എസ്.എസ്.എസ് സ്വാശ്രയസംഘങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ദിനാചരണത്തില്‍ പങ്കെടുത്തു.