തുല്യത നേടിയെടുക്കുന്നതൊടൊപ്പം വളരുവാനും ഉയര്‍ച്ചകള്‍ കൈവരിക്കുവാനും സ്ത്രീ സമൂഹത്തിന് കഴിയണമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളോടെ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച വനിതാദിന പൊതുസമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകളുടെ മൂല്യവും മഹത്വവും ഉയര്‍ത്തിപ്പിടക്കുന്നതോടൊപ്പം സമഗ്ര വളര്‍ച്ചയ്ക്കുള്ള സാഹചര്യങ്ങളും സൃഷ്ടിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വനിതാദിന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം മിസ് കേരള 2022 ലിസ് ജെയ്‌മോന്‍ ജേക്കബ്, കോട്ടയം ഗാന്ധിനഗര്‍ സ്വാന്തനം ഡയറക്ടര്‍ ആനി ബാബു, കോട്ടയം സ്‌നേഹക്കൂട് അഭയ മന്ദിരം ഡയറക്ടര്‍ നിഷ സ്‌നേഹക്കൂട്, ഭിന്നശേഷിയെ അതിജീവിച്ച് മാതൃകയായ കുമാരി ജിലുമോള്‍ മാരിയറ്റ് തോമസ് എന്നിവര്‍ സംയുക്തമായി നിര്‍വ്വഹിച്ചു. കോട്ടയം മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍ പേഴസണ്‍ ലൗലി ജോര്‍ജ്ജ്, സെന്റ് ജോസഫ് കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ റവ. സിസ്റ്റര്‍ അനിത എസ്.ജെ.സി, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രിസിഡന്റ് ആലീസ് ജോസഫ്, വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍ കൗണ്‍സിലര്‍ റവ. സിസ്റ്റര്‍ ഡോ. ലത എസ്.വി.എം, ക്‌നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ സെക്രട്ടറി ഷൈനി സിറിയക്, കെ.എസ്.എസ്.എസ് വനിതാ സ്വാശ്രയസംഘ കേന്ദ്രതല ഫെഡറേഷന്‍ പ്രസിഡന്റ് ലിസി ലൂക്കോസ്, കെ.എസ്.എസ്.എസ് ലീഡ് കോര്‍ഡിനേറ്റര്‍മാരായ ബെസ്സി ജോസ്, മേഴ്‌സി സ്റ്റീഫന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. സമ്മേളനത്തോടനുബന്ധിച്ച് ഉദ്ഘാടകരായി എത്തിച്ചേര്‍ന്ന വിശിഷ്ഠാതിഥികളെ മാര്‍ മാത്യു മൂലക്കാട്ട് പൊന്നാടയും മൊമന്റോയും നല്‍കി ആദരിച്ചു. വനിതകള്‍ക്കായി സംഘടിപ്പിച്ച സ്‌കൂട്ടര്‍ സ്ലോ റേസ്, പഞ്ചഗുസ്തി എന്നീ മത്സരങ്ങളോടെയാണ് ദിനാചരണത്തിന് തുടക്കമായത്. പഞ്ചഗുസ്തി മത്സരത്തിന്റെ ഉദ്ഘാടനം ഏറ്റുമാനൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് എം.ജി ഗോപകുമാര്‍ നിര്‍വ്വഹിച്ചു. സ്‌കൂട്ടര്‍ സ്ലോ റേസ് മത്സരത്തില്‍ കൈപ്പുഴ മേഖലയില്‍ നിന്നുള്ള ജെനി ജിജി, ഇടയ്ക്കാട്ട് മേഖലയില്‍ നിന്നുള്ള സുശീല കുരുവിള എന്നിവരും പഞ്ചഗുസ്തി മത്സരത്തില്‍ ഇടയ്ക്കാട്ട് മേഖലയില്‍ നിന്നുള്ള ജുനു സുജിത്തും കൈപ്പുഴ മേഖലയില്‍ നിന്നുള്ള ഷൈനി റെജി എന്നിവരും യഥാക്രമം ഒന്ന് രണ്ട് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ദിനാചരണത്തിന്റെ ഭാഗമായി കെ.എസ്.എസ്.എസിന്റെ സ്വാശ്രയസംഘ പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന വനിതാ സന്നദ്ധ പ്രവര്‍ത്തകരെ മാര്‍ മാത്യു മൂലക്കാട്ട് ആദരിച്ചു. കൈപ്പുഴ മേഖലയില്‍ നിന്നും മിനി കുഞ്ഞുമോന്‍, ഇടയ്ക്കാട്ട് മേഖലയില്‍ നിന്നും റോസിലി ജോസഫ്, കിടങ്ങൂര്‍ മേഖലയില്‍ നിന്നും വത്സമ്മ ജോസഫ്, ചുങ്കം മേഖലയില്‍ നിന്നും ഏലിയാമ്മ ജോര്‍ജ്ജ്, കടുത്തുരുത്തി മേഖലയില്‍ നിന്നും സിമി ദാമോദരന്‍, ഉഴവൂര്‍ മേഖലയില്‍ നിന്നും ഷീല ബിജു, സിബിആര്‍ മേഖലയില്‍ നിന്നും തുളസി റ്റി.എന്‍, മലങ്കര മേഖലയില്‍ നിന്നും ബിന്ദു സതീശ് എന്നിവരെയാണ് ആദരിച്ചത്. കെ.എസ്.എസ്.എസ് സ്വാശ്രയസംഘ വനിതകള്‍ അണിയിച്ചൊരുക്കിയ കലാവിരുന്നും സ്ത്രീശാക്തീകണ സെമിനാറും ദിനാചരണത്തോടനുബന്ധിച്ച് നടത്തപ്പെട്ടു. സെമിനാറിന് കോട്ടയം ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി മുന്‍ ചെയര്‍ പേഴ്‌സണ്‍ കെ.യു മേരിക്കുട്ടി നേതൃത്വം നല്‍കി. കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളില്‍ നിന്നായുള്ള ആയിരത്തോളം വനിതാ സ്വാശ്രയസംഘ പ്രതിനിധികള്‍ ദിനാരണത്തില്‍ പങ്കെടുത്തു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. സിജോ ആല്‍പ്പാറയില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.