സ്വയം തൊഴില്‍ സംരംഭകത്വ പദ്ധതികളുടെ വിജയകരമായ നടത്തിപ്പിലൂടെ സാധാരണക്കാര്‍ക്ക് മെച്ചപ്പെട്ട ജീവിത നിലവാരം കൈവരിക്കുവാന്‍ കഴിയുമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന ചൈതന്യ സംരംഭക നിധി സ്വയം തൊഴില്‍ സംരംഭകത്വ ലോണ്‍ മേളയുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരോരുത്തരുടെയും അഭിരുചിക്കനുസരിച്ചുള്ള സ്വയം തൊഴില്‍ പദ്ധതികള്‍ തെരഞ്ഞെടുത്തുകൊണ്ട് മുന്നേറുവാന്‍ കഴിയണമെന്നും അതിന് വഴിയൊരുക്കുന്ന കെ.എസ്.എസ്.എസ് പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം നാര്‍ക്കോട്ടിക് ഡി.വൈ.എസ്.പി സി. ജോണ്‍, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം മുനിസിപ്പല്‍ കൗണ്‍സില്‍ റ്റി.സി റോയി, കെ.എസ്.എസ്.എസ് കോര്‍ഡിനേറ്റര്‍ മേഴ്‌സി സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു. തൊഴില്‍ നൈപുണ്യ വികസനത്തോടൊപ്പം സ്വയം തൊഴില്‍ സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ക്കും വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ലോണ്‍ മേളയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട അമ്പത് കുടുംബങ്ങള്‍ക്കായി പന്ത്രണ്ട് ലക്ഷത്തി അമ്പതിനായിരം രൂപയാണ് വിതരണം ചെയ്തത്. പശു, ആട്, കോഴി വളര്‍ത്തല്‍, തയ്യല്‍ യൂണീറ്റ്, പലഹാര യൂണിറ്റ്, സംഘകൃഷി, പെട്ടിക്കട തുടങ്ങിയ വിവിധങ്ങളായ സ്വയം തൊഴില്‍ പദ്ധതികള്‍ ചെയ്യുന്നതിനായാണ് ലോണ്‍ ലഭ്യമാക്കിയത്