To establish a just society where all enjoy equality, fraternity, peace and happiness
KSSS
Kottayam Social Service Society
Home > News >

ഭിന്നശേഷിക്കാരുടെ പുനരധിവാസവും മുഖ്യധാരാവത്ക്കരണവും സാമൂഹ്യ പ്രതിബദ്ധതയുടെ നേര്‍ക്കാഴ്ച്ചകള്‍ – മന്ത്രി വി.എന്‍ വാസവന്‍

July 28, 2023
ഭിന്നശേഷിക്കാരുടെ പുനരധിവാസവും മുഖ്യധാരാവത്ക്കരണവും സാമൂഹ്യ പ്രതിബദ്ധതയുടെ നേര്‍ക്കാഴ്ച്ചകള്‍ – മന്ത്രി വി.എന്‍ വാസവന്‍

ഭിന്നശേഷിക്കാരുടെ പുനരധിവാസവും മുഖ്യധാരാവത്ക്കരണവും സാമൂഹ്യ പ്രതിബദ്ധതയുടെ നേര്‍ക്കാഴ്ച്ചകളാണെന്ന് സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ സില്‍വര്‍ ജൂബിലി സമാപന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം പാലാ ചേര്‍പ്പുങ്കല്‍ ഗുഡ് സമരിറ്റന്‍ റിസോഴ്‌സ് സെന്ററിലുള്ള മുത്തോലത്ത് ഓഡിറ്റോറിയത്തില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാര്‍ക്ക് അവരുടെ ജീവിത പ്രയാസങ്ങളെ അതിജീവിച്ച് മുന്‍പോട്ട് പോകുവാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാകണമെന്നും സ്വയം തൊഴില്‍ പരിശീലനങ്ങളിലൂടെയും വരുമാന പദ്ധതികളിലൂടെയും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് നയിക്കുന്ന കെ.എസ്.എസ്.എസ് പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഭിന്നശേഷിയുള്ള വ്യക്തികളോട് സമൂഹത്തിന് ഉണ്ടായിരുന്ന മനോഭാവത്തില്‍ മാറ്റം വരുത്തുവാന്‍ സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയിലൂടെ സാധിച്ചുവെന്ന് അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ഭിന്നശേഷിക്കാരുടെ മുഖ്യധാരവത്ക്കരണത്തിനായി നിരവധിയായ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷക്കാലമായി നടപ്പിലാക്കുവാന്‍ കെ.എസ്.എസ്.എസിന് സാധിച്ചുവെന്നും ഇക്കാര്യത്തില്‍ കെ.എസ്.എസ്.എസ് മുന്‍ ഡയറക്ടര്‍ എബ്രാഹം മുത്തോലത്ത് അച്ചന്‍ നല്‍കിയ സേവനങ്ങള്‍ മഹത്തരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമ്മേളനത്തോടനുബന്ധിച്ച് ഭിന്നശേഷിക്കാര്‍ക്കായി നടപ്പിലാക്കുന്ന സ്വയം തൊഴില്‍ സംരംഭകത്വ പദ്ധതികളുടെ ഉദ്ഘാടനവും സഹായ ഉപകരണങ്ങളുടെ വിതരണവും ആദരവ് സമര്‍പ്പണവും ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിച്ചു. ഭിന്നശേഷിക്കാരുടെ ക്ഷേമവും നിലനില്‍പ്പും ഉറപ്പ് വരുത്തേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും അവരെ ഉയര്‍ത്തിക്കൊണ്ട് വരുവാന്‍ കൂട്ടായ പരിശ്രമങ്ങള്‍ അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ, അഡ്വ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ, അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ എന്നിവര്‍ വിശിഷ്ഠാതിഥികളായി പങ്കെടുത്തു. കോട്ടയം അതിരൂപത വികാരി ജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. കെ.എസ്.എസ്.എസ് മുന്‍ ഡയറക്ടറും ചിക്കാഗോ സെക്രട്ട് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് ഫൊറോനാ ചര്‍ച്ച് വികാരിയുമായ റവ. ഫാ. എബ്രാഹം മുത്തോലത്ത് മുഖ്യാതിഥിയായി പങ്കെടുത്തു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. ജെയിംസ് വടക്കേകണ്ടംങ്കരിയില്‍ എന്നിവര്‍ പ്രസംഗിച്ചു. ചിക്കാഗോ രൂപത വികാരി ജനറാള്‍ റവ. ഫാ. തോമസ് മുളവനാല്‍, സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്റ്റീഫന്‍ ജോര്‍ജ്ജ് എക്‌സ്. എം.എല്‍.എ, കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു, കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ജേക്കബ് മാവുങ്കല്‍, കോട്ടയം അതിരൂപതാ പാസ്റ്ററല്‍ കോര്‍ഡിനേറ്റര്‍ റവ. ഡോ. മാത്യു മണക്കാട്ട്, ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് പി.എ ബാബു പറമ്പേടത്ത്മലയില്‍, കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്‍ചാര്‍ജ്ജ് ആലീസ് ജോസഫ്, കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ മിനി ജെറോം, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ റ്റി.സി റോയി, ചിക്കാഗോ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ മെമ്പര്‍ ജെയ്‌മോന്‍ നന്ദികാട്ട്, കോട്ടയം അതിരൂപത സെന്റ് വിന്‍സെന്റ് ഡിപോള്‍ സൊസൈറ്റി പ്രസിഡന്റ് ടോമി നന്ദികുന്നേല്‍, കെ.എസ്.എസ്.എസ് നവചൈതന്യ വികലാംഗ ഫെഡറേഷന്‍ പ്രസിഡന്റ് തോമസ് കൊറ്റോടം എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. സില്‍വര്‍ ജൂബിലി സമാപന ആഘോഷങ്ങളുടെ ഭാഗമായി രാവിലെ 10.30 മുതല്‍ ഭിന്നശേഷി സംഗമവും മുഖാമുഖം പരിപാടിയും സെമിനാറും ഭിന്നശേഷിയുള്ള കുട്ടികളുടെ കലാപരിപാടികളും നടത്തപ്പെട്ടു. സെമിനാറിന് ഫാമിലി കൗണ്‍സിലര്‍ ഗ്രേസ് ലാല്‍ നേതൃത്വം നല്‍കി. ഉച്ചകഴിഞ്ഞ് 2.15 ന് ചേര്‍പ്പുങ്കല്‍ മുത്തോലത്ത് നഗറില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഇമ്പാക്ട് സെന്റര്‍ പുതിയ ബ്ലോക്കിന്റെ വെഞ്ചരിപ്പ് കര്‍മ്മം കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തപ്പെട്ടു. സില്‍വര്‍ ജൂബിലി സമാപനത്തോടനുബന്ധിച്ച് ഭിന്നശേഷിയുള്ളവര്‍ക്ക് സ്വയം തൊഴില്‍ വരുമാന സാധ്യതകള്‍ തുറക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന പേപ്പര്‍ ബാഗ് നിര്‍മ്മാണ യൂണിറ്റിന്റെയും ടിഷ്യു പേപ്പര്‍ നിര്‍മ്മാണ യൂണിറ്റിന്റെയും ഉദ്ഘാടനമാണ് നടത്തപ്പെട്ടത്. കൂടാതെ ചിക്കാഗോ സെക്രട്ട് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് ഫൊറോനാ ചര്‍ച്ചിന്റെ സഹകരണത്തോടെ നാല്‍പ്പത്തിമൂന്ന് ഭിന്നശേഷിയുള്ള വ്യക്തികള്‍ക്കാണ് സഹായ ഉപകരണങ്ങള്‍ ലഭ്യമാക്കിയത്. സമ്മേളനത്തോടനുബന്ധിച്ച് കെ.എസ്.എസ്.എസ് സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതി സ്ഥാപനകനും പ്രസ്തുത പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയ്ക്ക് മാര്‍ഗ്ഗ ദീപവും പ്രോത്സാഹനവും പിന്തുണയും നല്‍കി വരുന്ന കെ.എസ്.എസ്.എസ് മുന്‍ ഡയറക്ടര്‍ റവ. ഫാ. എബ്രഹാം മുത്തോലത്തിനേയും കെ.എസ്.എസ്.എസ് സിബിആര്‍ ഫെഡറേഷന്‍ പ്രവര്‍ത്തനങ്ങളില്‍ സഹകാരികളാകുന്ന സന്നദ്ധ പ്രവര്‍ത്തകരെയും ആദരിച്ചു. 1997 ലാണ് കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്കായുള്ള സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിക്ക് തുടക്കം കുറിച്ചത്. കെ.എസ്.എസ്.എസ് മുന്‍ ഡയറക്ടര്‍ റവ. ഫാ. എബ്രഹാം മുത്തോലത്ത് അച്ചന്റെ ദീര്‍ഘ വീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ഭിന്നശേഷിക്കാര്‍ക്കായുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് കെ.എസ്.എസ്.എസ് തുടക്കം കുറിച്ചത്. പദ്ധതിയിലൂടെ ആയിരക്കണക്കിന് ഭിന്നശേഷിയുള്ള വ്യക്തികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സഹായ ഹസ്തമൊരുക്കുവാന്‍ കെ.എസ്.എസ്.എസിന് സാധിച്ചിട്ടുണ്ട്.

Video
events
publications
donate
KSSS
Kottayam Social Service Society
Contacts

KSSS,Thellakom P.O, Kottayam – 686630

Director Phone Number - 9495538063

Telephone: 0481 2790948, Office: 9400331281

Follow Us: