പ്രളയ മണ്ണിടിച്ചില്‍ ദുരന്തം നേരിട്ട കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലയിലെ ആളുകള്‍ക്ക് 50 ലക്ഷം രൂപയുടെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി കോട്ടയം അതിരൂപത. അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ദുരിതം നേരിട്ട ആളുകള്‍ക്ക് സഹായ ഹസ്തമൊരുക്കുന്നത്. റിലയന്‍സ് ഫൗണ്ടേന്‍, ഹെല്‍പ്പേജ് ഇന്‍ഡ്യ, ഓക്‌സ്ഫാം ഇന്‍ഡ്യ, സിബിഎം ഇന്റര്‍നാഷണല്‍ എന്നീ ഏജന്‍സികളുടെ സഹായ സഹകരണത്തോടെയാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്. ശുചീകരണ കിറ്റുകളുടെ വിതരണം, ഭക്ഷ്യകിറ്റുകളുടെ വിതരണം, കോവിഡ് പ്രതിരോധ കിറ്റുകളുടെ വിതരണം, വീടുകളുടെ ശുചീകരണം, വസ്ത്രങ്ങളുടെ വിതരണം, കിണറുകളുടെയും കുളങ്ങളുടെയും ശുചീകരണവും സംരക്ഷണവും, ബെഡ് ഷീറ്റ്, പായ എന്നിവയുടെ വിതരണം, വയോജനങ്ങള്‍ക്കായുള്ള അവശ്യകിറ്റുകളുടെ വിതരണം തുടങ്ങിയ നിരവധിയായ പ്രവര്‍ത്തനങ്ങളാണ് ഒന്നാം ഘട്ടത്തില്‍ പ്രളയ മണ്ണിടിച്ചില്‍ ദുരന്തം നേരിട്ട പ്രദേശങ്ങളില്‍ കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ അതിരൂപത നടപ്പിലാക്കുന്നത്. തുടര്‍ന്ന് രണ്ടാം ഘട്ടത്തില്‍ വിവിധ ഏജന്‍സികുളുമായി സഹകരിച്ച് വിവിധങ്ങളായ പുനരധിവസ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമെന്നും കെ.എസ്.എസ്.എസ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ അറിയിച്ചു.